2021, ഓഗസ്റ്റ് 1, ഞായറാഴ്‌ച

പകരം

 



                    പുതിയ വീട്ടിൽ സ്വന്തം മേൽവിലാസവുമായി ശിഷ്ടകാലം കഴിച്ചുകൂട്ടുന്നതിലുള്ള സന്തോഷത്തിൽ ചിലവാക്കുന്ന പണത്തിനെ കുറിച്ച് അയാൾ ചിന്തിച്ചില്ല. പഴയ ബ്ലാക്ക് ആൻഡ്  വൈറ്റ്  ടിവി മാറ്റി പുതിയ കളർ ടിവി വാങ്ങി, അമ്മിക്കല്ലിനെ പുതിയ വീടിന്റെ ഉമ്മറം പോലും കാണിക്കാതെ മിക്സി വാങ്ങി, ഉറപ്പൊടി വീണുകൊണ്ടിരുന്ന ടേബിളും കസേരയും മാറ്റി. പുതിയ ടേബിൾസെറ്റും സോഫയും സ്വീകരണമുറിയെ അലങ്കരിച്ചു. പുതിയ വീട്ടിൽ എല്ലാം പുത്തനായിരുന്നു. അയാൾ സംതൃപ്തിയോടെ അവിടമാകെ ചുറ്റിനടന്നു. പെട്ടന്ന് എന്തോ ഒന്നോർത്തതുപോലെ അയാൾ പുറത്തേക്കോടി. രാത്രി ഏറെ വൈകി തിരിച്ചെത്തിയ അയാൾ വീണ്ടും അടുക്കളയിൽ ചെന്നുനോക്കി ഇരുപത്തിയാറു വർഷമായി ഒരു റിപ്പയറിങ്ങുമില്ലാതെ അടുക്കളയിൽ നിൽക്കുന്ന  ഉപകരണം ആ  അർധരാത്രിയിലും ചിലവില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.

2020, ഓഗസ്റ്റ് 29, ശനിയാഴ്‌ച

കഥ

 പറയാതിരുന്ന 

കഥകളിലെല്ലാം 

കേൾക്കാൻ മറന്ന 

ഒരു കവിതയുണ്ടായിരുന്നു 

കേട്ടുമറന്ന കവിതകളിലെല്ലാം 

പറഞ്ഞുകേട്ട 

ഒരുപാട് കഥകളുണ്ടായിരുന്നു 

ഈ കഥയും കവിതയും 

തന്നെയായിരുന്നു 

ജീവിതം..... !

പറയാതെ പോയ, 

കേൾക്കാതെ പോയ, 

അറിയാതെ പോയ, 

ഓർക്കാതെ പോയ,..... 


2020, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

ദ്രൗപതി

രജസ്വല ദ്രൗപതി

 കൗരവ സദസ്സിന്റെ 

വിരിമാറിലേക്കു 

വലിച്ചെറിയപ്പെട്ടു 

              ലോകേയ്ക വീരരാം 

              സ്വാമിമാർ മുന്നിലവൾ 

             പണയപ്പണ്ടമായ്  

            കുനിഞ്ഞിരുന്നു 

ഉയർന്നു ദുര്യോധന 

മുഷ്‌ക്കബരം നടുക്കിക്കൊണ്ട് 

"ഉരിയുക, വിവസ്ത്രയക്കു-

കവളെയി സദസ്സിൻ മുന്നിൽ"

         നടുങ്ങി ഗോപുര സ്ത്രീകൾ 

        ശിരസു കുനിച്ചു ദ്രോണരും

        ധൃതരാഷ്ട്രരും.

        ദുശ്ശാസനനിലുണർന്നു 

        കമവെറിയനാം മൃഗം.

        ചാടിയടുത്തവനവളുടെ ചേലത്തുമ്പിൽ.

ഹാ, കഷ്ടം !എവിടെ നീതി 

എവിടെ ധർമ്മവും 

അതോ, ന്യായത്തിൻ വാതിൽപ്പടിയിങ്കലും 

 ഭ്രഷ്ടയാണോ സ്ത്രീജന്മം.... !

        സഭ പിരിയുന്നു

       നമ്ര ശിരസ്ക്കരായ്  കൗരവർ

       വെറുമൊരു പെണ്ണിൻ

       മുന്നിൽ പരാജിതരായവർ

       മിഴിനീർ തൂകി

      ഏകയായ് ദ്രൗപദി 

     ചിന്നിയ മുടിയിട്ടാർത്തലച്ചവൾ 

     ഒടുങ്ങാത്ത പകയുമായ്. 

               " എന്നു ദുശ്ശാസനൻ തന്നുടെ

                മാർ പിളർന്ന രക്തമെൻ 

               കൈകളിൽ പുരളുന്നുവോ 

              അന്നുമാത്രമിനി ഒതുക്കിടുമീമുടി."

 നടുങ്ങി പുരുഷ നീതിപാലകർ

 ധർമ്മപുത്രർ, ധർമ്മപാലകർ

 അവൾതന്നഴിഞ്ഞ കേശഭാരമീ 

 പുരുഷകോയ്മയ്ക്കു മുന്നിലാദ്യ 

പ്രതിരോധ പാഠമായ്. 

           ഇന്നുമണ്ണിലെത്ര പാഞ്ചാലിമാർ, 

          വലിച്ചെറിയപ്പെട്ട സീതമാർ, 

          അംഗങ്ങൾ ഛേദിക്കപ്പെട്ടെത്ര 

         കാമിനി ശൂർപ്പണഖമാർ... 

 വെന്തു തീരുന്നിന്നാത്മ 

പ്രേമത്തിൻ പേരിലവർ 

ഉറയുന്നു ജാതിക്കോമരങ്ങൾ 

പക തീർക്കാനവർക്കു പെൺമേനി വേണം. 

          ദുരഭിമാനക്കൊലകൾ -

         ക്കിരയാവണമെന്നുമവർ 

         ഇര, ഇര  എന്നുമിരയെന്ന 

         രണ്ടക്ഷരം മാത്രമവൾ. 

തീർക്കണം പ്രതിരോധത്തിൻ 

നീണ്ട വേലിക്കെട്ടുകൾ

തകർക്കണം അസ്വതന്ത്രതൻ 

മതിൽ സൗധങ്ങൾ 

         കാമകിങ്കരന്മാർ തൻ 

         മാറു പിളർന്നു രുധിരം വരണം

         തീ നാളങ്ങളെ കെടുത്തും

         ജല കണങ്ങളാവണം. 

 ഉടച്ചു വാർക്കണം

 അവൾക്കു ഹിതമല്ലാത്ത

 നീതിയും നിയമവും

 പൊളിച്ചെഴുതണം

 മനുസ്മൃതികളൊക്കെയും

          ഇല്ല നീതിയും ന്യായവും

         നിയമവും ധർമ്മവും

         മിഴിയടച്ച, കാതിൽ ഈയമൊഴിച്ച 

          നീതിപാഠം മാത്രം സാക്ഷി

 സീതയെ ഭൂമിയെന്ന പോൽ

 തൻ പുത്രിയെ ഉദരത്തിൻ 

 ഗർഭത്തിലൊളിപ്പിച്ചമ്മ

 കണ്ണുനീർ വാർത്തു.

         നഖം നീട്ടണം

        പല്ലുകൾ കൂർപ്പിക്കണം

        തീർക്കണം പ്രതിരോധത്തിൻ 

       ജൈവ വേലിക്കെട്ടുകൾ



2020, ഓഗസ്റ്റ് 26, ബുധനാഴ്‌ച

വാടകമുറി

 കാട്ടിലെ ദൈവം 
നാട്ടിലെ ദൈവത്തോടു ചോദിച്ചു 
'നാട്ടിലെന്തുണ്ട് വിശേഷം? '
'സുഖം! സ്വർണത്താഴികക്കുടം, 
കൊടിമരം, കാണിക്കവഞ്ചി നിറയെ പണം
പിന്നെന്തു വേണം? '
'ഭേഷ് ഭേഷ് '
                    
                     നാട്ടിലെ ദൈവം 
                     കാട്ടിലെ ദൈവത്തോടു ചോദിച്ചു 
                    'നിനക്കെന്താ വിശേഷം? '
                     'ഓ! എനിക്കെന്തു  വിശേഷം 
                     കാട്ടിനെനാട്ടുകാർജപ്തിചെയ്തു
                     കുടിയിരുന്ന മരം
                    പുറബോക്കിലാണത്രേ
                    ഇറങ്ങിക്കോളാൻ പറഞ്ഞു 
                    ചെല്ലുന്നിടത്തൊക്കെ 
                     നാട്ടുകാർ കാവൽ !
                    കയ്യേറ്റം പാടില്ലാന്ന് 
                   ഒടുക്കം ഞാനവിടുന്നിറങ്ങി 
                   നിന്റെ കയ്യിലു                                                          വാടകയ്ക്കൊരു മുറി? '

2018, മാർച്ച് 2, വെള്ളിയാഴ്‌ച

ക്ലിക് 

പ്രഭാതത്തിന്റെ കോലാഹലങ്ങളിൽ ആണ്ടുകിടക്കുകയായിരുന്നു ആ വീട്. ഗ്രൈൻഡറിൽ തേങ്ങ ചമ്മന്തിയാവാൻ തുടങ്ങിയിട്ട് സമയം കുറേയായി. വാഷിംഗ് മെഷീൻ ക്ഷമയുടെ നെല്ലിപ്പടി കടന്ന് സൈറൺ വിളിയിലെത്തി. പ്രഷർ കുക്കർ ദയനീയമായി നിലവിളിച്ചു. മിക്സിയുടെ കർണ കടോര രാഗം കേട്ട് മടുത്തപ്പോൾ അവൾ കിടക്കയിൽ കിടത്തിയിരുന്ന കുഞ്ഞിന്റെ വായിലേക്ക് ചാർജ് ചെയ്യാൻ കുത്തിവച്ചിരുന്ന യന്ത്ര സ്ത്രീയുടെ മുലക്കണ്ണുകൾ വച്ചുകൊടുത്തു പതിയെ വാട്സാപ്പിന്റെ ജാലകം തുറന്ന് പറന്നു പോയി !

പകരം

                      പുതിയ വീട്ടിൽ സ്വന്തം മേൽവിലാസവുമായി ശിഷ്ടകാലം കഴിച്ചുകൂട്ടുന്നതിലുള്ള സന്തോഷത്തിൽ ചിലവാക്കുന്ന പണത്തിനെ കുറിച്ച് അയാൾ...